This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോര്‍ അനിലിനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവസംയുക്തങ്ങള്‍. അമിനോ ക്ലോറോ ബെന്‍സീനുകള്‍ എന്നും അറിയപ്പെടുന്നു. ഓര്‍തോ, മെറ്റാ, പാരാ എന്നിങ്ങനെ മൂന്നു മോണോക്ലോറോ അനിലിനുകളുണ്ട്. തന്മാത്രാ ഫോര്‍മുല: Cl - C6H4 - NH2.

സംരചനാ ഫോര്‍മുലകള്‍

അസറ്റിലേഷന്‍ നടത്തി അനിലിനിലുള്ള അമിനോ ഗ്രൂപ്പിനെ നിര്‍വീര്യമാക്കിയശേഷം ക്ലോറിന്‍ജലം ചേര്‍ക്കുമ്പോള്‍ കിട്ടുന്ന ഉത്പന്നത്തെ ജലീയ വിസ്ലേഷണത്തിന് വിധേയമാക്കിയാണ് പാരാക്ലോറോ അനിലിന്‍ (80 ശതമാനം) നിര്‍മിക്കുന്നത്. (ചിത്രം A)

ഇവിടെ ചെറിയ അളവില്‍ ഉണ്ടാകുന്ന ഓര്‍തോ ഐസോമറിനെ നീരാവി സ്വേദനംനടത്തി നീക്കംചെയ്യാവുന്നതാണ്. അനിലിനിലുള്ള ബെന്‍സീന്‍ വലയത്തിന്റെ പാരാസ്ഥാനം സള്‍ഫൊണേഷന്‍വഴി സംരക്ഷിച്ചശേഷം ക്ലോറിനേഷന്‍, ജലീയവിസ്ലേഷണം എന്നിവ നടത്തി ഓര്‍തോ ഐസോമര്‍ നിര്‍മിക്കാന്‍ കഴിയും. മെറ്റാക്ലോറോ നൈട്രോബെന്‍സീന്‍ എന്ന യൗഗികത്തെ നിരോക്സീകരിച്ചാണ് മെറ്റാ ഐസോമര്‍ നിര്‍മിക്കുന്നത്. ഗാഢസള്‍ഫ്യൂരിക് അമ്ളത്തില്‍ ലയിച്ച അനിലിനില്‍ ക്ലോറിന്‍ജലം ഒഴിച്ചാലും മെറ്റാ ക്ലോറോ അനിലിന്‍ ലഭിക്കും. അമിനോഗ്രൂപ്പ് അനിലിനിലുള്ള ബെന്‍സീന്‍ വലയത്തെ കൂടുതല്‍ പ്രതിപ്രവര്‍ത്തനക്ഷമമാക്കുന്നതുകൊണ്ട് അനിലിനില്‍ നേരിട്ട് ക്ലോറിന്‍ജലം ഒഴിച്ചാല്‍ 2, 4, 6 ട്രൈക്ലോറോ അനിലിനായിരിക്കും ലഭിക്കുക. ഇതൊരു ഖരവസ്തുവാണ്. (ചിത്രം B)

മേല്പറഞ്ഞവ കൂടാതെ ഡൈക്ലോറോ അനിലിനുകളുമുണ്ട്. 2, 6 ഡൈക്ലോറോ അനിലിനാണ് അക്കൂട്ടത്തില്‍ പ്രധാനം.

ക്ലോറിന്‍ അണുക്കള്‍ അനിലിന്റെ ക്ഷാരസ്വഭാവം കുറയ്ക്കാനിടയാക്കുന്നതുകൊണ്ട് എല്ലാ ക്ലോറോ അനിലിനുകളും അനിലിനെക്കാള്‍ വീര്യംകുറഞ്ഞ ക്ഷാരങ്ങളായിരിക്കും. മെറ്റാക്ലോറോ അനിലിന്‍ നിറമില്ലാത്തൊരു ദ്രാവകമാണ്. കുറേനേരം കഴിഞ്ഞാല്‍ ഇതിന്റെ നിറംമങ്ങാന്‍ തുടങ്ങും. തിളനില 230.5o C. ഉറയല്‍നില 10.4 oC. ജലത്തില്‍ ലയിക്കുകയില്ല. ജൈവലായകങ്ങളില്‍ നന്നായി ലയിക്കും. ആസോചായങ്ങള്‍, ഔഷധങ്ങള്‍, കീടനാശിനികള്‍, കാര്‍ഷികരാസവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണ പ്രക്രിയയിലെ മധ്യവര്‍ത്തി സംയുക്ത(intermediate compound) മാണിത്.

തവിട്ടുകലര്‍ന്ന ഇളംമഞ്ഞനിറമുള്ളൊരു ദ്രാവകമാണ് ഓര്‍തോ ക്ലോറോ അനിലിന്‍. ഇത് വായുവില്‍ തുറന്നിരുന്നാല്‍ കറുപ്പു നിറമാകാന്‍ തുടങ്ങും. തിളനില 208.8o C. ഉറയല്‍നില 2.3o C. ആപേക്ഷിക സാന്ദ്രത 1.213. ജലത്തില്‍ അലേയമാണെങ്കിലും നീരാവിയിലും ജൈവലായകങ്ങളിലും ലയിക്കും. ഇത് ചായങ്ങളും പെട്രോളിയം ലായകങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. കളറിമെട്രി പരീക്ഷണങ്ങള്‍ നടത്തുന്ന ഉപകരണങ്ങളിലും ഇതുപയോഗിക്കുന്നുണ്ട്.

വെളുത്തതോ ഇളംമഞ്ഞനിറമുള്ളതോ ആയ പരലുകളാണ് പാരാ ക്ലോറോ അനിലിന്‍ ലഭിക്കുന്നത്. ഉരുകല്‍നില 70.1o C. തിളനില 232o C. ചൂടുവെള്ളത്തിലും ജൈവലായകങ്ങളിലും ലയിക്കുന്ന ഈ വസ്തു കാര്‍ഷിക രാസവസ്തുക്കളും ഔഷധങ്ങളും ചായങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ഓര്‍തോ, മെറ്റാ, പാരാ എന്നീ മൂന്ന് ക്ലോറോഅനിലിന്‍ ഐസോമറുകളും കടുത്ത വിഷവസ്തുക്കളാണ്. ആഹാരത്തിലൂടെയും ശ്വാസോച്ഛ്വാസത്തിലൂടെയും തൊലിയില്‍ക്കൂടിയും (ആഗിരണംവഴി) ഇത് മനുഷ്യശരീരത്തില്‍ കടന്നുകൂടുന്നു. അതുകൊണ്ട് വളരെ സുരക്ഷിതമായ വീപ്പകളിലാണ് ഇവ ശേഖരിച്ചുവയ്ക്കുന്നത്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍